
ദോഹ:ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ദുരിതക്കയങ്ങളിൽ ഉഴലുന്ന ജനതയ്ക്ക് പ്രത്യാശയുടെ പ്രകാശകിരണമായി ഖത്തർ ചാരിറ്റി. കഴിഞ്ഞ ഏഴ് മാസത്തിനുള്ളിൽ 40 രാജ്യങ്ങളിലായി ഒരുകോടിയിലധികം (10 million) ആളുകൾക്കാണ് ഖത്തർ ചാരിറ്റിയുടെ ജീവകാരുണ്യ പദ്ധതികൾ തണലായത്. ഖത്തറിലെ ഉദാരമതികൾ നൽകിയ അളവറ്റ പിന്തുണയോടെ, ജനുവരി മുതൽ ജൂലൈ വരെയുള്ള കാലയളവിൽ 809 മില്യൺ ഖത്തറി റിയാലിന്റെ വൻകിട വികസന-മാനുഷിക പദ്ധതികളാണ് ചാരിറ്റി പൂർത്തിയാക്കിയത്.
ആപത്തുകളിൽ താങ്ങായി നിലകൊള്ളുന്ന സംഘടന, 31 രാജ്യങ്ങളിലായി 236 മില്യൺ റിയാലിലധികം ചെലവഴിച്ച് 5.8 മില്യൺ ആളുകൾക്ക് അടിയന്തര ആശ്വാസമെത്തിച്ചു. ഗാസ, സുഡാൻ, യെമൻ, സൊമാലിയ, സിറിയ എന്നീ സംഘർഷഭരിത പ്രദേശങ്ങളിലെയും റോഹിംഗ്യൻ അഭയാർത്ഥി ക്യാമ്പുകളിലെയും ലക്ഷക്കണക്കിന് അഭയാർത്ഥികൾക്കും ആലംബഹീനർക്കും ഈ തണൽ വലിയൊരു ആശ്വാസമായി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾ കൂടുതൽ വേഗത്തിലാക്കാൻ സാങ്കേതിക വിദ്യയിൽ അധിഷ്ഠിതമായ പ്രത്യേക ക്രാസിസ് മാനേജ്‌മെന്റ് സെന്ററും സംഘടന ആരംഭിച്ചിട്ടുണ്ട്.
ദൈനംദിന സഹായങ്ങൾക്ക് പുറമേ, ദീർഘകാല നിവർത്തന ലക്ഷ്യത്തോടെ 44 രാജ്യങ്ങളിലായി 573 മില്യൺ റിയാൽ ചെലവിൽ 11,114 സുസ്ഥിര വികസന പദ്ധതികൾ നടപ്പിലാക്കി. കുടിവെള്ളം, ആരോഗ്യം, വിദ്യാഭ്യാസം, സാമ്പത്തിക ശാക്തീകരണം, ഭക്ഷ്യസുരക്ഷ എന്നീ മേഖലകളിലായി 4.2 മില്യണിലധികം ആളുകൾ ഇതിന്റെ ഫലഭോക്താക്കളായി.
സാമൂഹിക ക്ഷേമരംഗത്ത് വിപ്ലവം സൃഷ്ടിച്ച 'രൂഫഖാ' (Rofaqaa) സംരംഭത്തിലൂടെ 2,25,000-ത്തിലധികം അനാഥ കുട്ടികൾ, നിർദ്ധന കുടുംബങ്ങൾ, ഭിന്നശേഷിക്കാർ, വിദ്യാർത്ഥികൾ എന്നിവർക്ക് സമഗ്രമായ സംരക്ഷണം ഉറപ്പാക്കി. വിശുദ്ധ ഖുർആൻ പഠനത്തിനായി 'ഫുർഖാൻ' പദ്ധതി ഉൾപ്പെടെയുള്ള ജീവകാരുണ്യ മാതൃകകളിലൂടെ മനുഷ്യഹൃദയങ്ങളിൽ കാരുണ്യത്തിന്റെ പെരുമഴ പെയ്യിക്കുകയാണ് ഖത്തർ ചാരിറ്റി.










